India National

‘ഫെഡറല്‍ മുന്നണിയല്ല, യു.പി.എ അധികാരത്തില്‍ വരും’

തെരഞ്ഞെടുപ്പാനന്തര സഖ്യത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മെയ് 21ന് നടക്കാനിടയില്ല. യോഗം വോട്ടെണ്ണലിന് ശേഷം മതിയെന്നാണ് എസ്.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാട്. അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഫെഡറല്‍ മുന്നണി നീക്കത്തെ തള്ളിയ കോണ്‍ഗ്രസ്, യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു.

ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായി ഫെഡറല്‍ മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു. നേരത്തെ പിണറായി വിജയനെ കണ്ട കെ സി ആര്‍ ഇന്നലെ ഡി.എം.കെ നേതാവ് സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തി. ഫെഡറല്‍ മുന്നണിക്ക് സാധ്യതയില്ലെന്നാണ് സ്റ്റാലിന്റെ നിലപാട്. ഫെഡറല്‍ മുന്നണി ശ്രമങ്ങളെ തള്ളിയ കോണ്‍ഗ്രസ് യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇതിനിടെ സ്റ്റാലിന്‍ തങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷ തമിഴിസൈ അവകാശപ്പെട്ടു. ചര്‍ച്ച നടത്തിയെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തി തെരഞ്ഞെടുപ്പാനന്തര സഖ്യ രൂപീകരണത്തിനുള്ള തന്ത്രങ്ങളാലോചിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മെയ് 21ന് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം അറിയാതെ യോഗം ചേരുന്നതില്‍ അര്‍ഥമില്ലെന്ന് നീക്കത്തിന് മുന്‍കൈയെടുക്കുന്ന ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി അറിയിച്ചു.

സമാന അഭിപ്രായം തന്നെയാണ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിക്കും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനുമുള്ളത്.