ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷാകാര്യങ്ങളിലെ വിലയിരുത്തല്‍ പൂര്‍ത്തിയാകാനായ സാഹചര്യത്തിലാണ് തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. ഈയാഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ആകും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ കുറേ ആഴ്ചകളിലായി ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് അവസാന ഘട്ടത്തിലായതോടെയാണ് ഇനി ഏത് ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയ്യാറെടുക്കുന്നത്. സൂചനകള്‍ അനുസരിച്ച് ഏഴോ എട്ടോ ഘട്ടങ്ങളിലായി ഏപ്രില്‍ മെയ് മാസങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ തിയതി പ്രഖ്യാപിക്കാനാണ് സാധ്യത. ജൂണ്‍ മൂന്നിനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി കഴിയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ഒപ്പം ആന്ധ്രപ്രദേശ് , ഒഡീഷ , സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിടയുണ്ട്.
ജമ്മുകശ്മീരിലെ നിയമസഭ പിരിച്ച് വിട്ട് ആറുമാസം മെയില്‍ പൂര്‍ത്തിയാകാനിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെുപ്പിനൊപ്പം അവിടെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെങ്കിലും നിലവിലെ അതിര്‍ത്തിയിലെ സുരക്ഷയാണ് ഉയര്‍ന്നുവരുന്ന പ്രശ്നം. ജമ്മുകശ്മീര്‍ ഗവര്‍ണര്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ത്തെങ്കിലും മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ അനുകൂലമാണ്. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കായി വോട്ടിങ് മെഷീനുകളും വിവി പാറ്റ് യന്ത്രങ്ങളും പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കും. 2014 ല്‍ മാര്‍ച്ച് അഞ്ചിനാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കപ്പെട്ടത്. 9 ഘട്ടങ്ങളിലായി ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ്.