ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ട് നാള്‍. ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തില്‍ ഏറെ മുന്നിട്ടുനിന്ന ബി.ജെ.പി അവസാനവട്ട വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. താരപ്രചാരകര്‍ എത്താത്തതിലുള്ള പി.സി.സികളുടെ പ്രതിഷേധങ്ങള്‍ക്കിടെ അധ്യക്ഷ സോണിയ ഗാന്ധി നാളെ ഹരിയാനയില്‍ പ്രചാരണത്തിനെത്തും.
മഹാരാഷ്ട്രയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. കശ്മീർ, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിമാരുടെയും പ്രചാരണം. ഇരു സംസ്ഥാനങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
ഹരിയാനയില്‍ 75 സീറ്റുകൾ നേടുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടല്‍. ഇതിനിടെ തനെസരിൽ മോദിയുടെ റാലിയിൽ ബേട്ടി ബചാവോ എവിടെയെന്ന് ചോദിച്ച് പേപ്പറുകൾ ചുരുട്ടി എറിഞ്ഞത് ബി.ജെ.പിക്ക് ക്ഷീണമായിട്ടുണ്ട്. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനെതിരായ വികാരവും അവസാന ഘട്ടത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷെ ഇതൊന്നും മുതലെടുക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല.
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തോടെ കോണ്‍ഗ്രസ് വീണ്ടും തണുത്ത മട്ടിലാണ്. പി.സി.സികളിലെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെയാണ് സോണിയ ഗാന്ധി നാളെ ഹരിയാനയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത്. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് അടുക്കവേ കോണ്‍ഗ്രസ് വിട്ടത് മുതിര്‍ന്ന നേതാക്കളടക്കം 33 പേരാണ്.