ഇന്ത്യാ സഖ്യത്തിലേക്കില്ലെന്ന് ബിഎസ്പി. ലോക്സഭാ തെരഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മായവതി അറിയിച്ചു.
ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. ഇന്ന് ചേർന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുത്തില്ല. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാർ മുന്നണിയെ കോൺഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു. തനിക്ക് സ്ഥാനമാനങ്ങൾ വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതയെ കൂടാതെ യോഗത്തിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.
സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ ഇന്ന് യോഗം ചേർന്നത്. 10 പാർട്ടികളുടെ നേതാക്കൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ശരദ് പവാർ, ഡി രാജ, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്ദുള്ള, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ഡി രാജ, ശരദ് പവാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
ബിജെപി എംപി ദിലീപ് ഘോഷ് പ്രതിപക്ഷ സഖ്യ യോഗത്തിൽ പരിഹസിച്ച് രംഗത്തെത്തി. പ്രതിപക്ഷ സഖ്യം ഒരു ജോലിയും ചെയ്യുന്നില്ലെന്നും യോഗങ്ങൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും സംഭവിക്കില്ല, ഉടൻ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.