20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും.
രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളോടെയാണ് ആദ്യഘട്ട തെരഞ്ഞെപ്പ് പ്രചാരണം അവസാനിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും വോട്ട് സമര്‍പ്പിക്കാനായിരുന്നു കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. കാവല്‍ക്കാരന്‍ കള്ളനും ഭീരുവുമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബി.ജെ.പിയുടെ പ്രകടന പത്രികയും വിമര്‍ശന വിഷയമാക്കി.
പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയും തെലങ്കാനയില്‍ അമിത് ഷായും കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി. ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുണ്ട്.
ഇന്ന് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിഹാറിലും പശ്ചിമ ബംഗാളിലും പ്രചരണത്തിനിറങ്ങുക. ഗുജറാത്തിലെ ജനാഗഢിലും താപിയിലും ഗോവയിലെ പനാജിയിലുമാണ് പ്രധാനമന്ത്രിയുടെ പ്രചരണ പരിപാടികള്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച്, ഫിറോസാബാദ് എന്നിവിടങ്ങളിലും കര്‍ണാടകയിലും ബംഗളൂരുവിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.