India National

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നത്.

നാളെ അഞ്ച് മണിയോടെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും. 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. ഇതിന് പുറമെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പും അഞ്ചാം ഘട്ടത്തോടെ പൂര്‍ത്തിയാകും. ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍‌പ്രദേശിലാണ്.

14 മണ്ഡലങ്ങള്‍. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം പരസ്യ പ്രചാരണവുമായി സജീവമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് പ്രചാരണത്തിനെത്തുന്നത്. താന്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന പല പദ്ധതികളും ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത് രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെയാണ് കത്ത് പുറത്ത് വിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണവുമായി രാജസ്ഥാനിലാണ്. അമിത്ഷാ ജാര്‍ഖണ്ഡിലും.