ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും തങ്ങള്‍ തന്നെ ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. പല നേതാക്കന്മാരും എക്സിറ്റ് പോളുകള്‍ തള്ളി ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം ഉറപ്പിച്ചും കഴിഞ്ഞു.
പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന് ഉറപ്പാണെന്ന് ബിജെപി വൃത്തങ്ങള്‍ വിശ്വസിക്കുന്നു. പ്രധാനപ്പെട്ട എകിസ്റ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചപ്പോഴും എക്സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ബിജെപിക്ക് പരാജയപ്പെടാന്‍ ഒരു കാരണവും ഇല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ദേശീയ വിഷയങ്ങള്‍ ഉയര്‍ത്തിയും പ്രത്യയ ശാസ്ത്രത്തിലൂന്നിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പതിനൊന്നിന് ഫലം പുറത്ത് വരുമ്ബോള്‍ 48-ന് മുകളില്‍ സീറ്റുകള്‍ നേടി ബിജെപി അധികാരം നേടുമെന്നാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, എക്സിറ്റ്പോളുകളില് കഴമ്ബില്ലെന്ന് വ്യക്തമാകുമെന്ന് ബിജെപി നേതൃത്വവും ആവര്‍ത്തിക്കുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ എംപിമാരുടേയും കേന്ദ്ര മന്ത്രിമാരുടേയും വന്‍ പട തന്നെയാണ് പ്രചാരണത്തിനായി ഇറങ്ങിയത്.