India National

ഉത്തരേന്ത്യയും ഇന്ന് പെരുന്നാള്‍ ആഘോഷത്തില്‍

ഉത്തരേന്ത്യയും ഇന്ന് പെരുന്നാള്‍ ആഘോഷത്തില്‍. ബിഹാറിലും അസമിലും മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഡൽഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെല്ലായിടത്തുമുള്ള മുസ്‍ലിംകൾ ഒരൊറ്റ ദിവസം പെരുന്നാൾ ആഘോഷിക്കുന്നത്.

കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിശ്വാസികൾക്ക് ഇന്നായിരുന്നു ചെറിയ പെരുന്നാൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട പള്ളികളിലൊന്നായ ഡൽഹി ജമാ മസ്ജിദിൽ രാവിലെ 7.15നായിരുന്നു പെരുന്നാൾ നമസ്കാരം. ഡൽഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി നമസ്കാരത്തിന് നേതൃത്വം നൽകി. രാവിലെ തന്നെ ആയിരക്കണക്കിന് ആളുകളാണ് നമസ്കാരത്തിനായി തടിച്ചുകൂടിയത്. പുതു വസ്ത്രങ്ങൾ അണിഞ്ഞും മൈലാഞ്ചിയിട്ടും ആബാല വൃദ്ധം ജനങ്ങൾ പെരുന്നാൾ ആഘോഷിച്ചു.