കേരളത്തിലെ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയും, സംസ്ഥാന സർക്കാരിന്റെ മറുപടിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിഷയം ഒന്നാമത്തെ കേസായാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇളവുകൾ അനുവദിച്ചതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.eid appeal supreme court
കൻവാർ യാത്രയ്ക്ക് അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ്, കേരളത്തിലെ പെരുന്നാൾ ഇളവുകളും പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിശദീകരണത്തിൽ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ചില മേഖലകളിൽ മാത്രമാണ് വ്യാപാരികൾക്ക് കടകൾ തുറക്കാൻ അനുമതി നൽകിയതെന്നും, കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. ടിപിആർ കുറച്ചു കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുവെന്നും സർക്കാർ അറിയിച്ചു. കേരളത്തിലെ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ന്യൂ ഡൽഹി സ്വദേശി പി.കെ.ഡി നമ്പ്യാരുടെ ഹർജിയാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. കേരള സർക്കാർ ലാഘവത്തോടെ പ്രവർത്തിക്കുന്നുവെന്നും, ഇളവുകൾ രാഷ്ട്രീയ, മതസാമുദായിക പരിഗണനകൾ കണക്കിലെടുത്താണെന്നും ഹർജിയിൽ ആരോപിച്ചു. പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.