India National

ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണം തള്ളി റോബര്‍ട്ട് വാദ്ര

ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണത്തെ തള്ളി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ മൊഴി നല്‍കി. ആയുധ ഇടപാടുകാരന്‍ സ‍ഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാദ്ര വ്യക്തമാക്കി. ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടക്കാല ജാമ്യം നല്‍കിയ കോടതി എന്‍ഫോഴ്സ്മെന്റ് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റോബര്‍ട്ട് വാദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാദ്ര ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരായത്. ലണ്ടനിലെ 1.9 മില്ല്യണ്‍ പൌണ്ടിന്റെ ആസ്തിയെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ വാദ്രയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ലണ്ടനില്‍ അത്തരത്തില്‍ ആസ്തിയില്ലെന്നായിരുന്നു വദ്ര നല്‍കിയ മറുപടി. സഞ്ജയ് ഭണ്ഡാരിയുമായും ബന്ധുവായി സുമിത് ചദ്ധയുമായി ബന്ധമില്ലെന്നും വാദ്ര ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേസിലെ സുപ്രധാന കണ്ണിയും വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിലെ ജോലിക്കാരനായ മനോജ് അറോറയെ സംബന്ധിച്ചും വദ്രയോട് ഉദ്യോഗസ്ഥര്‍ ആരാഞ്ഞു.

അറോറക്ക് വദ്രയുടെ ലണ്ടനിലെ ആസ്തിയെ പറ്റിയുള്ള പല വിശദാംശങ്ങളും അറിയാമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം. അറോറ തന്റെ പഴയ ജോലിക്കാരനാണെന്ന് സമ്മതിച്ചെങ്കിലും മെയില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്നും വദ്ര നിലപാടെടുത്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായി ഭാര്യ പ്രിയങ്ക ഗാന്ധിയാണ് വാഹനത്തില്‍ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇറക്കിയത്. പിന്നീട് എല്ലാവര്‍ക്കും എല്ലാം അറിയാമല്ലോയെന്നും പ്രിയങ്ക പ്രതികരിച്ചു. വാദ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് തൊട്ടുമുന്‍പില്‍ നില്‍ക്കേ വാദ്രക്കെതിരെ നടപടിയെടുക്കുന്നതിനെ ബംഗാള്‍ മുഖ്യമന്ത്രി ചോദ്യം ചെയ്തു