ആഗോള വിപണിയില്‍ എണ്ണവില കൂടിയതിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് ഒരു രൂപയുടെ കുറവാണുണ്ടായത്. പ്രധാന പെട്രോളിയം കമ്പനികളുടെ ഓഹരി വിലയില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുത്തനെ കൂടുകയും അതേതുടര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. നിലവിലുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ മാന്ദ്യത്തിന് ഗതിവേഗം വര്‍ധിക്കും.
പെട്രോളിന് ഇപ്പോഴത്തെ അന്താരാഷ്ട്ര മാര്‍ക്കറ്റ് നിരക്കനുസരിച്ച് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് മൂന്നു മുതല്‍ നാലു രൂപ വരെ വര്‍ധിപ്പിക്കേണ്ടിവരും. കഴിഞ്ഞ ദിവസം നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ തകിടം മറിക്കുന്നതാണ് അപ്രതീക്ഷിതമായി രൂപം കൊണ്ട ഈ പ്രതിസന്ധി.
സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ എണ്ണക്കമ്പനികളുടെ ഓഹരികളില്‍ തകര്‍ച്ച ദൃശ്യമായിട്ടുണ്ട്. സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ താഴേക്കു പോയി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു രൂപയിലേറെ ഇടിഞ്ഞതോടെ എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍, ഐ.ഒ.സി തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ 7 ശതമാനം വരെയാണ് ഇടിവു വന്നത്.
സൗദി അറേബ്യ എണ്ണയുല്‍പ്പാദനം വെട്ടിക്കുറച്ചത് പെട്ടൊന്നൊന്നും ഇന്ത്യയെ ബാധിക്കില്ലെങ്കിലും ഉല്‍പ്പാദനം പൂര്‍വ്വ സ്ഥിയിലാക്കുന്നതിന് കാലദൈര്‍ഘ്യമുണ്ടായാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ കുറെക്കൂടി അപകടകരമായി മാറും.