India

പശ്ചിമ ബംഗാൾ ഡി.ജി.പിയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്രയെ നീക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന സംസ്ഥാനത്ത് കമ്മീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടെ മോശം റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിരേന്ദ്രയെ മാറ്റി 1987 ബാച്ച് ഐ.പി.എസ് ഓഫീസറായ പി. നിരജ്ഞയനെ ഡി.ജി.പി ആയി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി.

തെരഞ്ഞെടുപ്പ് നടത്തിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഒരു ഉത്തരവാദിത്തവും വിരേന്ദ്രയെ ഏൽപ്പിക്കരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഉത്തരവിൽ എടുത്ത നടപടിയെ കുറിച്ച് ഇന്ന് രാവിലെ പത്തിന് മുൻപായി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി ജാവെദ് ഷമീമിനെ കഴിഞ്ഞ മാസം കമ്മീഷൻ നീക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുകയാണെന്നു പാർട്ടി എം.പി സൗഗത റോയ് ആരോപിച്ചു. “എന്നാൽ ഇതൊന്നും ഞങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ഒരു തരത്തിലും ബാധിക്കില്ല”- അദ്ദേഹം തുടർന്നു. കമ്മീഷന്റെ നടപടിയെ ബി.ജെ.പി സ്വാഗതം ചെയ്തു. “സ്വതന്ത്രവും സമാധാനപരവുമായതും രക്തച്ചൊരിച്ചിൽ ഇല്ലാത്തതുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് കമ്മീഷന്റെ നടപടി ” – ബി.ജെ.പി വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു.