ഏത് ബട്ടണിൽ അമർത്തിയാലും ബി.ജെ.പിക്ക് വോട്ടുവീഴുമെന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽ.എ ബക്ഷിഷ് സിംഗ് വിർക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. ഹരിയാനയിലെ അസന്ധ് നിയമസഭാ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്ന ബക്ഷിഷിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസയച്ചു. ‘തിരുത്തൽ നടപടി’ സ്വീകരിക്കാൻ മണ്ഡലത്തിലേക്ക് പ്രത്യേക നിരീക്ഷകനെയും കമ്മീഷൻ നിയോഗിച്ചു.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം സോഷ്യൽ മീഡിയയിൽ നിരവധി പേർ ഷെയർ ചെയ്ത വീഡിയോയിലെ ബക്ഷിഷ് സിംഗിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.
‘നിങ്ങൾ എവിടെയാണ് വോട്ട് ചെയ്യുന്നതെന്നും ആര് ആർക്ക് വോട്ട് ചെയ്തെന്നും ഞങ്ങൾക്ക് അറിയാൻ കഴിയും. ഞങ്ങൾ അറിയില്ല എന്ന് വിചാരിക്കരുത്. ഞങ്ങൾ മനഃപൂർവം നിങ്ങളോട് പറയാതിരിക്കുന്നതാണ്. വേണമെന്നു വിചാരിച്ചാൽ നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയാൻ കഴിയും. കാരണം മോദിജി വലിയ ബുദ്ധിമാനാണ്. മനോഹർലാൽജിയും വലിയ ബുദ്ധിമാനാണ്. നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ള ആർക്ക് വോട്ട് ചെയ്താലും അത് താമരക്കേ പോവൂ. ഏത് ബട്ടണും അമർത്തൂ, വോട്ട് ബി.ജെ.പിക്ക് പോകും. വോട്ടിങ് യന്ത്രത്തിലെ ആ ഭാഗം ഞങ്ങൾ ശരിയാക്കിയിട്ടുണ്ട്.” എന്നായിരുന്നു ബക്ഷിഷിന്റെ പ്രസ്താവന. ഒരു പൊതുയോഗത്തിലായിരുന്നു എം.എല്‍.എയുടെ വിവാദ പരാമർശം.
അതേസമയം പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ബക്ഷിഷ് സിംഗ് രംഗത്തെത്തി. വ്യാജ വീഡിയോയാണ് പ്രചരിക്കുന്നത്, ചില മാധ്യമപ്രവര്‍ത്തകര്‍ സംഭവത്തെ വളച്ചൊടിച്ചു, ഇലക്ഷന്‍ കമ്മീഷനെയും വോട്ടിങ് യന്ത്രത്തേയുമൊക്കെ ബഹുമാനിക്കുന്നയാളാണെന്നുമായിരുന്നു ബക്ഷിഷിന്റെ വിശദീകരണം. തന്നെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
ബി.ജെ.പിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ’ എന്ന കുറിപ്പോടെയായിരുന്നു രാഹുൽ ഗാന്ധി ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. അതേസമയം ബക്ഷിഷിന്റെ സ്ഥാനാര്‍ഥിത്വം കമ്മീഷന്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷംഷെര്‍ ഗോഗി ആവശ്യപ്പെട്ടു.