India National

ദ്വാരകയില്‍ ‘ജയ് ശ്രീറാം’ വിളികളോടെ മോസ്കിന് നേരെ ആക്രമണം

കല്ലെറിഞ്ഞ ശേഷം അക്രമികൾ “ജയ് ശ്രീ റാം” എന്ന് ആക്രോശിച്ചതായി ഇരുവരും പറഞ്ഞു.  

തെക്ക് – പടിഞ്ഞാറൻ ഡല്‍ഹിയിലെ ദ്വാരകയില്‍ സെക്ടർ 11 ലെ ഷാജഹാനാബാദ് അപ്പാർട്ട്‌മെന്റിന് സമീപമുള്ള മോസ്കിന് നേരെ ആക്രമണം. ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. അക്രമികൾ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയായിരുന്നുവെന്ന് ഷാജഹാനാബാദ് അപ്പാർട്ട്‌മെന്റ് നിവാസി സാദ് മജീദ് ദി ക്വിന്റിനോട് പറഞ്ഞു.

ഈ സമയത്ത് രണ്ടു പേര്‍ പള്ളിയിലുണ്ടായിരുന്നു. ഇമാം റാഷിദും ഇമാം അബ്ദുല്‍ മന്നനുമാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. കല്ലെറിഞ്ഞ ശേഷം അക്രമികൾ “ജയ് ശ്രീ റാം” എന്ന് ആക്രോശിച്ചതായി ഇരുവരും പറഞ്ഞു. കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ദ്വാരക എ.സി.പി രാജീന്ദർ സിങ് ക്വിന്റിനോട് പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ഗൌരവം കുറച്ചുകാണിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും തകർന്ന ഗ്ലാസുകള്‍ വെള്ളിയാഴ്ച രാവിലെ തന്നെ ശരിയാക്കാൻ ശ്രമിച്ചുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച ഉച്ചക്ക് നമസ്കാരത്തിനുശേഷം മാത്രമേ ഇത് ചെയ്യാവൂ എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

സി‌.എ‌.എ പ്രതിഷേധത്തിനെതിരെ സംഘപരിവാര്‍ നടത്തിയ കലാപത്തില്‍ ഇതിനോടകം 42 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. കലാപത്തിനിടെ നിരവധി പള്ളികൾക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കുകിഴക്കൻ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത്.