India National

ചൈനീസ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുത്; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വ്യാപാരി സംഘടന

നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളോട് അതില്‍ നിന്നും പിന്മാറാനും നിര്‍ദ്ദേശമുണ്ട്.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ്. സിനിമാ-കായിക താരങ്ങളോടാണ് ഇനിമുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്.

ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം തുടരുന്ന അവസരത്തിലാണ് സിഎഐടി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിങ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, സോനു സൂദ് എന്നിവരോട് ക്യാംപെയിന്‍റെ ഭാഗമാകാനും സിഎഐടി ആവശ്യപ്പെട്ടു.

നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളോട് അതില്‍ നിന്നും പിന്മാറാനും നിര്‍ദ്ദേശമുണ്ട്. വിവോ പരസ്യത്തിൽ അഭിനയിക്കുന്ന ആമിർ ഖാൻ, സാറ അലി ഖാൻ, ഐക്യൂ പരസ്യത്തില്‍ അഭിനയിച്ച വിരാട് കോഹ്‍ലി, ദീപിക പദുകോൺ, സിദ്ധാർത്ഥ് മൽഹോത്ര, റാപ്പർ ബാദ്ഷാ, ഓപ്പോ പരസ്യത്തില്‍ അഭിനയിച്ച രൺബീർ കപൂർ, ഷിയോമി പരസ്യത്തില്‍ അഭിനയിച്ച രൺവീർ സിങ്, സൽമാൻ ഖാൻ, ശ്രദ്ധ കപൂർ, റിയല്‍മീ പരസ്യത്തില്‍ അഭിനയിച്ച ആയുഷ്‌മാൻ ഖുറാന തുടങ്ങിയവരോടും പരസ്യങ്ങളില്‍ നിന്നും നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു.

81.86 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി ബന്ധത്തോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന.