India National

നിര്‍ഭയ കേസിലെങ്കിലും രാഷ്ട്രീയം കളിക്കരുതെന്ന് സ്മൃതി ഇറാനിയോട് കെജ്‍രിവാള്‍

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിൽ രാഷ്ട്രീയം കളിക്കരുതെന്നും ഇത്തരം കേസുകളിൽ എത്രയും വേഗത്തില്‍ നീതി ലഭ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബി.ജെ.പിയോട് ആവശ്യപ്പെട്ടു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളെ തൂക്കിലേറ്റുന്നതിൽ കാലതാമസം നേരിട്ടതില്‍ ആം ആദ്മി സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം.

ഇത്തരമൊരു കേസിൽ രാഷ്ട്രീയം കളിക്കുന്നതില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ഇത്തരമൊരു വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നതിൽ എനിക്ക് ദുഖമുണ്ട്. കുറ്റവാളികളുടെ ശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ നമ്മള്‍ ഒരുമിച്ച് പ്രവർത്തിക്കേണ്ടതല്ലേ? ആറുമാസത്തിനുള്ളിൽ തന്നെ ഇത്തരം മൃഗീയരായ കുറ്റവാളികളെ തൂക്കിലേറ്റുന്നതിനുള്ള ഒരു സംവിധാനം ഉറപ്പാക്കാൻ നമ്മൾ കൈകോർക്കേണ്ടേ? ദയവായി ഇതിൽ രാഷ്ട്രീയം കലര്‍ത്തരുത്. നമ്മുടെ സ്ത്രീകൾക്ക് സുരക്ഷിതമായ നഗരം സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിക്കാം,” കെജ്‌രിവാൾ ട്വീറ്റിലൂടെ പറഞ്ഞു.

2018 ജൂലായില്‍ പുനപ്പരിശോധനാ ഹരജി തള്ളിയിട്ടും എ.എ.പി സര്‍ക്കാര്‍ അനങ്ങിയില്ലെന്നും കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് പുറത്തിറങ്ങിയപ്പോള്‍ 10000 രൂപയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിന് കാരണം കെജ്‍രിവാള്‍ സര്‍ക്കാരാണെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.