കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഒരുക്കമാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. കശ്മീർ വിഷയത്തിൽ തനിക്ക് ഏറ്റവും നല്ല മധ്യസ്ഥനാകാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഹൂസ്റ്റണിൽ അര ലക്ഷത്തോളം ഇന്ത്യക്കാർ അണിനിരന്ന ‘ഹൗഡി മോദി’ സമ്മേളനം അവസാനിച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പാണ് കശ്മീർ പ്രശ്നം ഏറെ സങ്കീർണമാണെന്നും ഇരു രാജ്യങ്ങളും അനുവദിച്ചാൽ തനിക്ക് മധ്യസ്ഥനാകാൻ താൽപര്യമുണ്ടെന്നും ട്രംപ് ആവർത്തിച്ചത്. പാകിസ്താനെ താൻ വിശ്വാസത്തിലെടുക്കുന്നതായും ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് ചൂണ്ടിക്കാട്ടി. ഇതു മൂന്നാം തവണയാണ് കശ്മീർ വിഷയത്തിൽ മധ്യസ്ഥതാ റോൾ ഏറ്റെടുക്കാൻ ട്രംപ് സന്നദ്ധത അറിയിക്കുന്നത്. ഇന്ത്യയെയും പാകിസ്താനെയും ഇക്കാര്യം അറിയിച്ചതായും ട്രംപ് പറഞ്ഞു.
ഞായറാഴ്ച ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പാകിസ്താനെ പേരെടുത്തു പറയാതെ നരേന്ദ്ര മോദി നിശിതമായി വിമർശിച്ചിരുന്നു. ഇന്ത്യയോടുള്ള വെറുപ്പിന്റെ പുറത്ത് അയൽരാഷ്ട്രം തീവ്രവാദത്തെ പിന്തുണക്കുന്നതായും മോദി ആരോപിച്ചിരുന്നു. പാകിസ്താൻ തീവ്രവാദികളുടെ കേന്ദ്രമാണെന്ന മോദിയുടെ ആേരാപണത്തെ കുറിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ കൂടുതൽ ഉന്നം വെക്കുന്നത് ഇറാനെ ആണെന്നായിരുന്നു ട്രംപിന്റെ മറുപടി. മോദിയുടെ ഹൂസ്റ്റൺ പ്രസംഗം സദസ് ആവേശേത്താടെ സ്വീകരിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.