ഉത്തർപ്രദേശിൽ യജമാനനെ കടിക്കാൻ വന്ന പാമ്പിനെ വളർത്തുനായ കടിച്ചു കൊന്നു. മിർസാപൂർ ജില്ലയിലെ ടിൽതി ഗ്രാമത്തിലാണ് സംഭവം നടന്നത്.വിട്ടുമുറ്റത്ത് വിശ്രമത്തിനായി ഇരിക്കുകയായിരുന്ന വീട്ടുടമസ്ഥന്റെ സമീപത്ത് തന്നെ വളർത്തുനായ ജൂലിയും ഉണ്ടായിരുന്നു.
തൻറെ യജമാനനൊപ്പം വിശ്രമിക്കുന്നതിനിടയിലാണ് ഒരു വലിയ പാമ്പ് യജമാനൻ ഇരിക്കുന്നത് ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങുന്നത് ജൂലിയുടെ ശ്രദ്ധയിൽ പെട്ടത്. പക്ഷേ, അദ്ദേഹം അത് അറിഞ്ഞിരുന്നില്ല.
അദ്ദേഹത്തിൻറെ അരികിൽ എത്തിയതും പാമ്പ് കൊത്താനായി പത്തി വിടർത്തി. അപകടം മനസ്സിലാക്കിയ ജൂലി ഒരു നിമിഷം വൈകിയില്ല. പാമ്പിന് മുകളിലേക്ക് ചാടി അതിനെ കടിച്ചെടുത്ത് നിലത്തടിച്ചു. പാമ്പ് ചത്തു എന്ന് ഉറപ്പാക്കുന്നത് വരെ ജൂലി അത് തുടർന്നു. ജൂലി പാമ്പിന് മുകളിൽ ചാടി വീണപ്പോൾ മാത്രമാണ് യജമാനൻ തനിക്ക് പിന്നിലായി പാമ്പ് ഉണ്ടായിരുന്നു എന്ന് അറിയുന്നത്. പാമ്പുമായുള്ള പോരാട്ടത്തിനിടയിൽ ജൂലിക്ക് പാമ്പിന്റെ കടിയേൽക്കുമോ എന്നായിരുന്നു യജമാനന്റെ ഭയം.
എന്നാൽ, ഒരു പോറൽ പോലും ഏറ്റില്ല എന്ന് മാത്രമല്ല തൻറെ ജീവൻ പണയം വെച്ചിട്ടാണെങ്കിൽ കൂടിയും തൻറെ പ്രിയപ്പെട്ട യജമാനന് നേരെ പാഞ്ഞടുത്ത ശത്രുവിനെ ജൂലി ഇല്ലാതാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവങ്ങളെല്ലാം കണ്ടു നിന്ന അയൽവാസിയായ പാൽതു എന്ന വ്യക്തിയാണ് പിന്നീട് ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവച്ചത്.