India National

മെഡിക്കല്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ സമരം ശക്തമാക്കും

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. ബില്‍ രാജ്യസഭ പാസാക്കിയതോടെ ഇന്ന് മുതല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കും. ഇന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധ ദിനം ആചരിക്കും.

പ്രതിഷേധങ്ങള്‍ വക വയ്ക്കാതെ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലും പാസാക്കിയതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാജ്യമൊട്ടുക്കും ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധ ദിനം ആചരിക്കും. നേരത്തെ രാജ്യവ്യാപകമായി നടത്തി വന്ന സമരം മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നില്ല.

കേരളത്തില്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ നടത്തിവന്ന പ്രതിഷേധ ധര്‍ണ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കും. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഇന്നലെ മുതല്‍ മൂന്ന് ഡോക്ടര്‍മാരും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച എമര്‍ജന്‍സി ആക്ഷന്‍ കൌണ്‍സില്‍ യോഗം ഭാവി സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഐ.എം.എ അറിയിച്ചു.