India National

ബംഗാളിലെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമവായ ചര്‍ച്ചക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടും ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് മാറി നില്‍ക്കുകയാണ് ഡോക്ടര്‍മാര്‍ .24 മണിക്കൂര്‍ പണിമുടക്ക് രോഗികളെ ബുദ്ധിമുട്ടിലാക്കും.

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം മുന്നോട്ട് പോകവെ സങ്കീര്‍ണമാവുകയാണ് പ്രശ്നങ്ങള്‍. ഇതിന് പുറമെയാണ് ഐ.എം.എ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് കൂടി ആരംഭിക്കുന്നത്. രോഗികളെ സാരമായി ബാധിക്കുന്ന തരത്തിലേക്ക് കടന്നിരിക്കുകയാണ് സമരം. സമവായ ചര്‍ച്ചക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടും ചില നിബന്ധകള്‍ മുന്നോട്ട് വച്ച് മാറി നില്‍ക്കുകയാണ് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു എന്നും പരുക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് ഏറ്റെടുക്കുമെന്നും മമത അറിയിച്ചിരുന്നു. പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ കൊല്‍ക്കൊത്ത ഹൈകോടതിയും കേന്ദ്രവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരെ അപമാനിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടി എടുക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നു. കൊല്‍ക്കൊത്ത എന്‍.ആര്‍.എസ് ആശുപത്രിയില്‍ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.