India

‘ഡോക്ടർമാർ ഉണ്ടാകേണ്ടത് ആശുപത്രികളിലാണ്, തെരുവിലല്ല’: ഡൽഹി മുഖ്യമന്ത്രി

പ്രതിഷേധം തുടരുന്ന റസിഡന്റ് ഡോക്ടർമാരുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സമരത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

“ഡോക്ടർമാരോട് പൊലീസ് കാട്ടിയ ക്രൂരതയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അവരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി ഉടൻ അംഗീകരിക്കണം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “ഒരു വശത്ത്, കൊറോണ വൈറസിന്റെ ഒമിക്കോൺ വേരിയന്റ് ഭയാനകമായ വേഗതയിൽ പടരുന്നു. മറുവശത്ത്, ഡൽഹിയിലെ കേന്ദ്ര ആശുപത്രികളിൽ ഡോക്ടർമാർ പണിമുടക്കുന്നു” കെജ്‌രിവാൾ കത്തിൽ പറയുന്നു.

നീറ്റ്-പിജി കൗൺസിലിംഗ് നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി മോദിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം യുവ ഡോക്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് മാത്രമല്ല, ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ടാക്കുകയും അതുവഴി മറ്റ് ഡോക്ടർമാരുടെ ഭാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരന്തര സമരം നടത്തിയിട്ടും റസിഡന്റ് ഡോക്ടർമാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ലെന്നത് കടുത്ത നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.