ഇതുവരെയായി 470ലേറെ പേരാണ് സമരഭൂമിയില്‍ മരിച്ചു വീണതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
സര്‍ക്കാര്‍ ഇനിയും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍. ചര്‍ച്ചക്ക് തയ്യാറാകാനും ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) ആവശ്യപ്പെട്ടു. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ഡല്‍ഹിയുടെ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതുവരെയായി 470ലേറെ പേര്‍ ഇവിടെ മരിച്ചു വീണതായി കിസാന്‍ മോര്‍ച്ച പറഞ്ഞു.
സമരത്തിനിടെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. പലരും ജോലിയും വിദ്യഭ്യാസവും നിര്‍ത്തിവെച്ചാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകരോട് മനുഷ്യത്വ വിരുദ്ധമായി പെരുമാറാന്‍ സര്‍ക്കാറിന് സാധിക്കുന്നതെങ്ങനെയാണെന്നും എസ്.കെ.എം പ്രസ്താവനയില്‍ ചോദിക്കുന്നു. രാജ്യത്തെ കര്‍ഷകരെ മാനിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറായി ആവശ്യങ്ങള്‍ പരിഗണിക്കുമായിരുന്നു. ഇനിയും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഇതുവരെ കേന്ദ്ര സര്‍ക്കാരുമായി നടന്ന പതിനൊന്ന് വട്ട ചര്‍ച്ചയും തീരുമാനമാകത്തതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. കര്‍ഷക ക്ഷേമത്തെ കുറിച്ച് സര്‍ക്കാര്‍ അഭിനയിക്കുകയാണ്. അതിര്‍ത്തിയില്‍ നടക്കുന്ന ജീവഹാനിക്കും കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തിനും സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പറഞ്ഞു.