India

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ഡിഎംകെ; ഗവര്‍ണറെ മാറ്റാന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കും

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ പ്രതിപക്ഷത്തെ മുഴുവന്‍ സംഘടിപ്പിച്ച് സംയുക്ത നീക്കവുമായി ഡിഎംകെ. ഗവര്‍ണറെ തിരിച്ചുവിളിയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ഡിഎംകെ സഖ്യകക്ഷികളെല്ലാവരും നീക്കത്തിന് അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. നിവേദനത്തില്‍ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷറര്‍ ടി.ആര്‍ ബാലു ബിജെപി ഒഴികെയുള്ള കക്ഷികള്‍ക്ക് കത്തു നല്‍കി.

കേരളത്തിലേതിന് സമാന സാഹചര്യമാണ് തമിഴ് നാട്ടിലും. ഡിഎംകെയുടെ നീക്കത്തിന് കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണ അറിയിച്ചിട്ടുണ്ട്. ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരെ ഉപയോഗിക്കുന്ന ബിജെപിക്കെതിരെയാണ് ഡിഎംകെയുടെ നീക്കമെന്ന് ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു. കേരളത്തില്‍ ഇരുപക്ഷത്താണെങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഐഎമ്മും ഒരുമിച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷ എന്നും ഡിഎംകെ നേതാവ് പ്രതികരിച്ചു.

നിരവധി സംസ്ഥാനങ്ങളില്‍ ഈ പ്രശ്‌നങ്ങളുണ്ട്. ഗവര്‍ണര്‍മാര്‍ക്കെതിരെയല്ല സമരം. ഭരണഘടനാ സംരക്ഷണത്തിനു വേണ്ടിയാണെന്നും ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നേരത്തെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഡിഎംകെ നേതാവും എംപിയുമായ ടി.ആര്‍. ബാലുവും ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.

പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒപ്പിട്ട് നിവേദനം നല്‍കാനാണ് ഡിഎംകെയുടെ തീരുമാനം. ദേശീയ അടിസ്ഥാനത്തില്‍ ഈ നീക്കം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഇന്നലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഡിഎംകെ ഇക്കാര്യത്തില്‍ സഹകരണം തേടുമെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍.