India National

കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ് നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, പുതിയ നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു അദ്ദേഹം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിന്റെ മാതൃഭാഷയായ തമിഴിൽ കത്തെഴുതുന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സാമൂഹിക സമത്വത്തിൽ വിശ്വസിക്കുന്ന തങ്ങളുടെ ദ്രാവിഡ മുന്നേറ്റങ്ങൾക്ക് കമല ഹാരിസിന്റെ വിജയം ആത്മവിശ്വാസം പകർന്നുവെന്നും, അമേരിക്കയെ നേട്ടങ്ങളിലെത്തിക്കുന്നതോടൊപ്പം തമിഴ് പാരമ്പര്യത്തെയും അവർ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കമലയുടെ വരവിനായി തമിഴ്നാട് കാത്തിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ കുറിച്ചു. തമിഴ്നാട് തിരുവാറൂർ ജില്ലയിലെ തുളസീന്ദ്രപുരം സ്വദേശിനിയാണ് കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസ്. ഞായറാഴ്ച്ച കമലയുടെ വിജയവാർത്ത വന്നതിൽ പിന്നെ വലിയ ആഘോഷങ്ങളാണ് ഈ പ്രദേശത്ത് അരങ്ങേറിയത്.