India National

ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി ഡി.എം.കെ

ജാമിഅ മില്ലിയയിലും അലിഗഡ് മുസ്‍ലിം യൂണിവേഴ്‌സിറ്റിയിലും നടന്ന പൊലീസിന്റെ നരനായാട്ടില്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ജാമിഅ, അലിഗഡ് വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഭീകരമായ അക്രമത്തിന്റെ കാഴ്ച്ചകള്‍ കണ്ട് ശരിക്കും ഞെട്ടിയെന്നും അവിടെ ചിന്തിയ മുഴുവന്‍ രക്തത്തിനും വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്തുടനീളം പൗരത്വ നിയമത്തിനെതിരായ നിലക്കാത്ത പ്രതിഷേധം തിരിച്ചറിഞ്ഞ് ബി.ജെ.പി നിര്‍ബന്ധമായും പൗരത്വ ഭേദഗതി നിയമം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കത്തുന്ന ഡല്‍ഹി ജാമിയ നഗറില്‍ വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. പ്രദേശത്ത് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും, ബസുകള്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍ തീയിട്ടത് പൊലീസ് തന്നെയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കാമ്പസിനകത്ത് പ്രവേശിച്ച പൊലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ലെെബ്രറിയിലും, കാമ്പസിനകത്തെ പള്ളിയിലും പൊലീസ് അതിക്രമം നടത്തിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.