രാജ്യത്ത് വൈവിധ്യവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, സാമ്പത്തിക വളർച്ചയെ കുറിച്ച് വാചാലനാകുന്നത് പ്രധാനമന്ത്രിയുടെ വിവരക്കേട് ആണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ചെറുകിട സംരംഭകരുടെ ഘടകവുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കോവിഡ് മഹാമാരിക്ക് മുമ്പേ സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനവും പിഴവുകളോടെ ജി.എസ്.ടി നടപ്പിലാക്കിയതും ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമൂഹിക ഐക്യം തകർത്തത് ബിസിനസ്സ് മേഖലയെയും പലരീതിയിൽ ബാധിച്ചുവെന്നും, വിദ്വേഷം നിലനിൽക്കുമ്പോൾ സാമ്പത്തിക മുന്നേറ്റം സാധ്യമല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു സംരംഭകന്റെ ചോദ്യത്തോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “തമിഴ് സംസാരിക്കാൻ പാടില്ലായെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം? മണിപ്പൂരിലെ ആളുകളോട് അവരുടെ ആചാരങ്ങൾ പിൻപറ്റാൻ പറ്റില്ല എന്നുപറഞ്ഞാൽ എന്താകും അവസ്ഥ? രാജ്യത്തിന്റെ സാമ്പത്തിക മേഖല സ്തംഭിക്കില്ലേ? ഈ രാജ്യത്തിന്റെ അടിസ്ഥാനം തന്നെ ഇവിടത്തെ വൈവിധ്യമാണ്. വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കാതെ ഇവിടെ സാമ്പത്തിക വളർച്ച സാധ്യമല്ല. ഇന്ത്യ എന്ന ആശയം തന്നെ സാധ്യമല്ല. ഇന്ത്യയെന്നാൽ വൈവിധ്യമാണ്.”
രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം കേന്ദ്രം അവരുടെ ആശയങ്ങളെ അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ഇതിന്റെ അനന്തരഫലം അധികം വൈകാതെ അവർക്ക് തിരിയും. കർഷകർ പ്രതിഷേധിക്കുകയാണ്, തമിഴ്നാടിനും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുമെല്ലാം അവരുടേതായ ചോദ്യങ്ങളുണ്ട്. പൗരന്മാരോട് വിനയത്തോടെയും സ്നേഹത്തോടെയും സംവദിക്കേണ്ടത് അനിവാര്യമാണ്.” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.