India

”ഈ കെടുതിയില്‍ നിന്ന് ഒരാള്‍ക്കും മോചനമില്ല”; യോഗി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും

ഉത്തര്‍പ്രദേശിലെ നിയമവാഴ്ച്ച ഗുരുതര പ്രതിസന്ധിയിലെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഹാഥ്‌റാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ച് കൊന്നതും, ബുലന്ദ്ശഹറില്‍ കാണാതായ പന്ത്രണ്ട് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.

ദിവസം കഴിയുംതോറും യു.പിയിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ അപകടാവസ്ഥയില്‍ നിന്ന് ഒരാള്‍ക്കും, ഒരു സമുദായത്തിനും രക്ഷയില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഹാഥ്‌റസില്‍ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി, തനിക്കെതിരെ കേസ് കൊടുത്ത പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹാഥ്റസിലെ സംസ്‌കാര ചടങ്ങിന്റെ ഫോട്ടോ പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ പ്രതികരണം. ദിവസവും ഏതെങ്കിലും ഒരു കുടുംബത്തില്‍ നിന്ന് നീതിക്ക് വേണ്ടിയുള്ള നിലവിളി ഉയരുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ തണുപ്പന്‍ പ്രതികരണമാണ് യു.പി സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും രാഹുലും പ്രിയങ്കയും പറഞ്ഞു.