India National

മോദിയുടെ യൂട്യൂബ് വീഡിയോകൾക്ക് ഡിസ്‍ലെെക്ക് പ്രവാഹം

ഓണ്‍ലൈന്‍ ലോകത്ത് ബി.ജെ.പിക്കും സര്‍ക്കാറിനും തലവേദനയായി ഡിസ്‍ലെെക്ക് പ്രവാഹം. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് മുതല്‍ തുടങ്ങിയ ഡിസ്‍ലെെക്ക് കുതിപ്പാണ് പാര്‍ട്ടിക്കും സര്‍ക്കാറിനും ഒരുപോലെ തലവേദനയായത്. പ്രശ്നത്തിന് താത്ക്കാലിക പരിഹാരമായി യൂട്യൂബ് ചാനലിലെ ലൈക്ക് – ഡിസ്‍ലെെക്ക് ഓപ്ഷന്‍ ഓഫാക്കിയിരിക്കുകയാണ്.

മോദിയുടെ യൂട്യൂബ് വീഡിയോകൾക്ക് ഡിസ്‍ലെെക്ക് പ്രവാഹം

കോവിഡ് ലോക്ക്ഡൗണിനിടയിലും ജെ.ഇ.ഇ നീറ്റ് പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനവും, വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയില്‍ അരിശം പൂണ്ട യുവാക്കളുമാണ് ഡിസ്‍ലെെക്ക് യുദ്ധത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രതിപക്ഷ ഗൂഡാലോചനയാണ് ഡിസ്‍ലെെക്ക് കുമിഞ്ഞ് കൂടാനുള്ള കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.

ഞായറാഴ്ച്ച നടന്ന മന്‍ കീ ബാത്ത്, ചാനലിലെ ഏറ്റവും ഉയര്‍ന്ന ഡിസ്‍ലെെക്ക് ഏറ്റുവാങ്ങി റെക്കോര്‍ഡ് ഇട്ടിരുന്നു. പരീക്ഷ നീട്ടിവെക്കുന്നതും, തൊഴില്‍ ക്ഷാമത്തെ കുറിച്ചും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റേഡിയോ പ്രസംഗത്തില്‍ പക്ഷേ പ്രധാനമന്ത്രി വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിതാണ് യുവാക്കളെ ചൊടിപ്പിച്ചത്. ഇവിടെ നിന്ന് തുടങ്ങിയ ഓണ്‍ലൈന്‍ പോര് തുടര്‍ന്ന് വന്ന മറ്റു വീഡിയോകളിലും സംഭവിക്കുകയായിരുന്നു.

കോവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോയിലും ഡിസ്‍ലെെക്കുകള്‍ മുന്നിട്ട് നിന്നു. ഹൈദരാബദില്‍ വനിതാ പ്രബോഷനറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറുന്ന മോദിയുടെ വീഡിയോക്കും കണക്കിന് ഡിസ്‍ലെെക്കുകളാണ് കിട്ടിയത്. യു.എസ് – ഇന്ത്യ സ്റ്റാട്രജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ് ഫോറത്തെ അഭിസംബോധന ചെയ്തുള്ള മോദിയുടെ പ്രസംഗത്തിനും ഡിസ്‍ലെെക്കുകള്‍ കുമിഞ്ഞ് കൂടി. ഇതോടെ, സംഗതി കൈവിട്ട് പോകുന്നത് കണ്ടയുടനെ ലൈക്ക് ഡിസ്‍ലെെക്ക് ഓപ്ഷന്‍ ചാനല്‍ ഡിസേബിളാക്കുകയായിരുന്നു.