പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ അനാവശ്യമെന്ന് കോണ്‍ഗ്രസ്. ഏതെങ്കിലും വ്യക്തികളില്‍ ഊന്നിയല്ല ചര്‍ച്ചകള്‍ നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി പേരെടുത്ത് വിമര്‍ശിച്ചെന്നും വിഷയത്തില്‍ പ്രിയങ്ക രാഹുലിനെ പിന്തുണച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇത് പാടേ നിഷേധിക്കാതെയാണ് കോണ്‍ഗ്രസിന്റെ വാര്‍ത്താകുറിപ്പ്. പ്രവര്‍ത്തക സമിതിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അനാവശ്യവും അനുചിതവുമാണ്. പാര്‍ട്ടിയെ സമഗ്രമായി പുതുക്കിപ്പണിയുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടക്കുകയും അതിന് രാഹുലിന് ചുമതപ്പെടുത്തുകയുമാണ് ചെയ്തത്. ഏതെങ്കിലും വ്യക്തികളില്‍ ഊന്നിയായിരുന്നില്ല. ജനാധിപത്യപരമായ ഇത്തരം ചര്‍ച്ചകള്‍ സംബന്ധിച്ച് അഭ്യൂഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.