കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതോടെ പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ഡല്‍ഹിയില്‍ തുടരുന്നു. പുതിയ അധ്യക്ഷന്‍ അല്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്ന തരത്തിലാണ് ചര്‍ച്ച.
കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്നതോടൊപ്പം പാര്‍ട്ടി അധ്യക്ഷ പദവി സംബന്ധിച്ചും വ്യക്തത വരുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ. അതുണ്ടായില്ലെന്ന് മാത്രമല്ല രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി സംബന്ധിച്ച് മനസുതുറക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചക്കായി ഇറങ്ങുന്നത്. ഇന്നലെ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേരാനെത്തിയ ഗെഹ്‍ലോട്ട് ഡല്‍ഹിയില്‍ തുടരുകയാണ്.
നേരത്തെ സംഘടനാകാര്യ ചുമതല വഹിച്ചിരുന്ന അശോക് ഗെഹ്‍ലോട്ട് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായതിനാല്‍ ഈ നീക്കത്തിന് തടസങ്ങളുണ്ടായേക്കാം. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ മുന്‍സ്പീക്കര്‍ മീര കുമാര്‍, മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്. അധ്യക്ഷ പദത്തിനില്ലെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്ന രീതിയിലേക്ക് മാറിയേക്കും.
മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ചര്‍ച്ചകളില്‍ രൂപപ്പെടുന്ന ധാരണ പ്രവര്‍ത്തക സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനത്തിലെത്തുക. ഇന്നലെ എ.ഐ.സി.സിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടെ നേതാക്കള്‍ അധ്യക്ഷ പദവിയില്‍ തുടരണമെന്ന ആവശ്യം രാഹുലിനോട് ഉന്നയിച്ചിരുന്നു. എന്നാല്‍ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.