India National

ബീഫ് തിന്നുന്നവര്‍ പട്ടിയിറച്ചി കൂടി തിന്നണമെന്ന് ബി.ജെ.പി നേതാവ്

ഗോമാംസം ഭക്ഷിക്കുന്ന ബുദ്ധിജീവികള്‍ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഗോമാംസം കഴിക്കുന്നവര്‍ തെരുവുനായയുടെ ഇറച്ചി കൂടി കഴിക്കണമെന്നും അത് അവരുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

വീടുകളിൽ ഇരുന്ന് ആവശ്യമുള്ള ഏത് മാംസം വേണമെങ്കിലും കഴിച്ചോട്ടെയെന്ന് പറഞ്ഞ ദിലീപ് ഘോഷ്, ”കുറച്ച് ബുദ്ധിജീവികൾ റോഡുകളിൽ നിന്ന് ഗോമാംസം കഴിക്കുന്നു, അവര്‍ പട്ടിയിറച്ചി കൂടി കഴിക്കട്ടേ, ഏത് മൃഗത്തിന്റെ മാംസം കഴിച്ചാലും അവരുടെ ആരോഗ്യം നന്നായിരിക്കും, പക്ഷേ എന്തിനാണ് റോഡരികിലിരുന്ന് കഴിക്കുന്നത്? നിങ്ങളുടെ വീട്ടിൽ ഇരുന്ന് കഴിച്ചോളൂ,” ദിലീപ് ഘോഷ് പറഞ്ഞു.

റോഡരികിലെ സ്റ്റാളുകളിൽ ഗോമാംസം കഴിക്കുന്ന ചിലരെ ലക്ഷ്യമിട്ടാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. “പശു ഞങ്ങളുടെ അമ്മയാണ്, ഞങ്ങൾ പശുവിൻപാൽ കുടിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് ആരെങ്കിലും ഞങ്ങളുടെ അമ്മയോട് മോശമായി പെരുമാറിയാൽ, അവരോട് പെരുമാറേണ്ട രീതിയിൽ ഞങ്ങള്‍ അവരോട് പെരുമാറും. ഇന്ത്യയിലെ ഈ വിശുദ്ധ മണ്ണിൽ പശുക്കളെ കൊല്ലുന്നതും ഗോമാംസം കഴിക്കുന്നതും കുറ്റകരമാണ്,” അദ്ദേഹം പറഞ്ഞു. അതൊരു മഹാ അപരാധമാണെന്നും ബുർദ്വാനില്‍ നടന്ന ഒരു ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഘോഷ് പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നും അതിനാലാണ് പാൽ സ്വർണ്ണനിറത്തിലുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. പശുക്കളെ കൊല്ലുന്നത് ഗുരുതരമായ കുറ്റമാണെന്നും ആളുകൾ ഗോമാംസം കഴിക്കുന്നതിനെ എതിർക്കുന്നത് തുടരുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.