മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഫഡ്നാവിസ് സര്‍ക്കാര്‍ രാജിവെച്ചത്. അധികാരത്തിലെത്തി നാലു ദിവസത്തിന് ശേഷമാണ് നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. ഗവര്‍ണറെ കണ്ട് ഫഡ്നാവിസ് രാജിക്കത്ത് നല്‍കും. ശിവസേന ജനവിധിയെ വഞ്ചിച്ചെന്ന് ഫഡ്നാവിസ് പ്രതികരിച്ചു.
വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട ബി.ജെ.പിയെ തള്ളിയ കോടതി, കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നാളെ തന്നെ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് സത്യപ്രതിജ്ഞ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
അജിത് പവാറിന് വിപ്പ് നല്‍കാനാവുമെന്ന മനക്കോട്ടയിലായിരുന്നു ബി.ജെ.പി. പ്രൊടേം സ്പീക്കറുടെ നിയമനത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയാണെങ്കില്‍ അജിത് പവാറിലൂടെ അവസാനത്തെ കളി സാധ്യമാവുമെന്ന കണക്കു കൂട്ടലിലായിരുന്നു ദേവേന്ദ്ര ഫഡ്നാവിസും ബി.ജ.പിയും. എട്ട് തവണ എം.എല്‍.എ ആയ കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തൊറാത്ത് ആണ് കീഴ്‌വഴക്കമനുസരിച്ച് പ്രൊടേം സ്പീക്കര്‍ ആവേണ്ടത്. അതേസമയം എന്‍.സി.പി വിട്ട് ബി.ജെ.പിയിലെത്തിയ ബബന്റാവു പച്ച്പുഡെക്കും കാളിദാസ് കൊളംബറിനുമാണ് സാധ്യത കൂടുതല്‍. വിശ്വാസ വോട്ടെടുപ്പിനുള്ള അധികാരം പ്രൊടേം സ്പീക്കറുടേതാണെങ്കില്‍ അജിത് പവാറിന്റെ വിപ്പ് അംഗീകരിച്ച് എന്‍.സി.പി അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.