കശ്മീരിലെ കുല്‍ഗാമില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ രണ്ട് പേര്‍ പാകിസ്താനികളെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരായ വലീദും നുഅ്മാനുമാണ് പാകിസ്താന്‍ സ്വദേശികള്‍. മൂന്നാമത്തെയാൾ കുല്‍ഗാം സ്വദേശിയായ റാഖിബ് അഹ്മദ് ശൈഖാണ്.
കൊല്ലപ്പെട്ട മൂന്ന് പേരും ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇവരില്‍ രണ്ട് പേര്‍ പാകിസ്താന്‍ സ്വദേശികളാണെന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. വലീദ്, നുഅ്മാന്‍ എന്നിവരാണ് പാകിസ്താന്‍ സ്വദേശികള്‍. കൊല്ലപ്പെട്ട മൂന്നാമത്തെ ഭീകരന്‍ റാഖിബ് അഹ്മദ് ശൈഖ് കുല്‍ഗാം സ്വദേശി തന്നെയാണ്.
ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഡി.വൈ.എസ്.പി അമന്‍ താക്കൂറിനും ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഒരു മേജര്‍ അടക്കം നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുല്‍ഗാം ജില്ലയിലെ തരിഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായ വിവരത്തെത്തുടര്‍ന്ന് പൊലീസും സൈന്യവും സി.ആര്‍.പി.എഫും ചേര്‍ന്ന് പ്രദേശം വളഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്.