ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും മികച്ച അവസരമാണിതെന്ന് മന്ത്രി
ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ആപ്പുകൾക്ക് ഇത് മികച്ച അവസരമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ്. വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് അവസാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
വിവിധ അജണ്ടകളുള്ള വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം എന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്‍റെ വിശദാംശങ്ങളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നിയമപരമായി തന്നെ ചെയ്തതാണ് നിരോധനം. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും മികച്ച അവസരമാണിതെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ അഞ്ച് വർഷം പൂർത്തിയാകുന്നതിന്‍റെ ഭാഗമായുള്ള വെർച്വൽ കോൺഫറൻസിലാണ് മന്ത്രിയുടെ പ്രതികരണം.
അത്തരം ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നാസ്കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷിനോടും ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനിയോടും മന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ പ്രോത്സാഹനം ഉണ്ടാകും. പക്ഷേ പലരുടെയും സഹായം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആവശ്യമാണ്. പൊതു, സ്വകാര്യ പങ്കാളിത്തത്തിന് വലിയ സാധ്യതയുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യത്തിന്‍റെ ഐക്യത്തിനും സുരക്ഷക്കും വെല്ലുവിളിയുയർത്തുന്നു എന്നാണ് കണ്ടെത്തല്‍. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റിക്കോർഡർ തുടങ്ങിയവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് മറ്റൊരു സെർവറിൽ സൂക്ഷിക്കാനും പിന്നീട് രാജ്യത്തിനും വ്യക്തികൾക്കും എതിരെ ഉപയോഗിക്കാനും സാധ്യത ഉണ്ടെന്ന ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആണ് നടപടി. അതേസമയം രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ എല്ലാമുള്ള വൻ ചൈനീസ് നിക്ഷേപങ്ങളുടെ കാര്യത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല. പേറ്റിഎം, ഫ്ളിപ്കാർട്ട് അടക്കമുള്ളവയില്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ നിക്ഷേപമുണ്ട്.