സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനാല്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തകില്‍ പീഡിയാട്രിക്സില്‍ എം.ഡി ചെയ്യുന്ന ഡോക്ടര്‍ ഓംകര്‍ ധര്‍വാര്‍ഡാണ്(30) പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(PGIMS) ആശുപത്രി ക്യാമ്പസിലുള്ള ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. സഹോദരിക്ക് വിവാഹ സമ്മാനമായി നല്‍കാന്‍ വാങ്ങിയ ചുരിദാറിന്റെ ഷാള്‍ ഫാനില്‍ കെട്ടിയാണ് ഓംകര്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തില്‍ ഓംകറിന്റെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഗീത ഗാത്‍വാളിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ടെന്ന് രോഹ്തക് ഇന്‍സ്പെക്ടര്‍ കൈലാഷ് ചന്ദേര്‍ അറിയിച്ചു. ഓംകറിന്റെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. എന്നാല്‍ ഗീത നിരവധി തവണ ഓംകറിനെ മാനസികമായ പീഡിപ്പിച്ചിട്ടുണ്ടെന്നും കുടുംബവും സഹപ്രവര്‍ത്തകരും ആരോപിച്ചു. ഓംകറിന്റെ ആത്മഹത്യ വാര്‍ത്ത പുറത്തു വന്നതോടെ പ്രതിഷേധവുമായി മറ്റ് ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഗീതയുടെ വീട്ടിലേക്ക് ഡോക്ടര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഗീതക്കെതിരെ നടപടി എടുക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. മുന്‍പ് ഒരു കുട്ടി മരിച്ച സംഭവത്തില്‍ ഗീത ഓംകറിനെതിരെ തെറ്റായ പരാതി നല്‍കിയിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് അനിശ്ചിതകാല സമരം നടത്താനാണ് ജൂനിയര്‍, സീനിയര്‍ ഡോക്ടര്‍മാരുടെ തീരുമാനം. ഓംകറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഗീതയെ പുറത്താക്കണമെന്നും അസോസിയേഷന്‍ വൈസ് ചാന്‍സലറോട് രേഖാ മൂലം ആവശ്യപ്പെട്ടു. കര്‍ണാടക സ്വദേശിയായ ഓംകറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് 1.5 ലക്ഷം പിരിച്ചു നല്‍കുകയും ചെയ്തു.