ബുധനാഴ്ച വാഷിങ്ടണിലെ ക്യാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. “വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല, ചിട്ടയോടും സമാധാനപരമായും അധികാര കൈമാറ്റം നടത്തണം” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമാവുകയായിരുന്നു. ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതുവരെ നാല് മരണമാണ് സംഭവത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ട്രംപിനോട് ആവശ്യപ്പെട്ടു. പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് കുറ്റപ്പെടുത്തി.
അക്രമത്തില്‍ ട്രംപിനെതിരെ ലോക വ്യാപക പ്രതിഷേധം ശക്തമാകുകയാണ്. ട്രംപിന്റെ ഫേസ്ബുക്, ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു. ഈ സാഹചര്യത്തിലാണ്, അക്രമ സംഭവങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരിക്കുന്നത്.