തടങ്കലില്‍ വച്ചവരിലും അറസ്റ്റ് ചെയ്തവരിലും ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണ് ഏറെയെന്ന് സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും ആരോപിക്കുന്നു
വടക്ക് – കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് പിന്നാലെ അറസ്റ്റിലായവരുടെ മതം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിടാതെ അധികൃതര്‍. തടങ്കലില്‍ വച്ചവരിലും അറസ്റ്റ് ചെയ്തവരിലും ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണ് ഏറെയെന്ന് സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും ആരോപിക്കുന്നു. പൊലീസ് നടപടി സുതാര്യമാകേണ്ടതുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ പ്രതികരിച്ചു.
മാര്‍ച്ച് 7 വരെയുള്ള വിവരങ്ങളാണ് പൊലീസ് പുറത്ത് വിട്ടിട്ടുള്ളത്. 693 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2193 പേര്‍ അറസ്റ്റിലായി. എന്നാല്‍ ഇവരുടെ മതം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മുസ്തഫാബാദ്, ഖജൂരി ഖാസ്, കർദംപുരി, കബീർ നഗർ, ചന്ദ് ബാഗ്, ജാഫ്രാബാദ്, മൌജ്പൂർ, ബാബർപൂർ, സീലാംപൂർ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഏറെയും മുസ്ലിം യുവാക്കളാണെന്ന് അഭിഭാഷകരും പറയുന്നു.
അഡീഷണല്‍ കമ്മീഷ്ണര്‍ ബി.കെ സിങിന്റെ മേല്‍നോട്ടത്തില്‍ 2 പ്രത്യേക സംഘങ്ങളാണ് കലാപ കേസുകള‍് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ രാജേഷ് ദിയോ, ജോയ് തിര്‍ക്കി എന്നിവരാണ് അന്വേഷണ സംഘത്തലവന്‍മാര്‍.