വടക്കു കിഴക്കൻ ഡൽഹിയിൽ കലാപത്തെത്തുടർന്ന് കാണാതായവരെ കുറിച്ചുള്ള പരാതികൾ ഏറുന്നു. കലാപ മേഖലകളിലുള്ളവര്‍ക്ക് വസ്ത്രവും ഭക്ഷണവും വെള്ളവും എത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം 47 പേരാണ് കലാപത്തില്‍ മരിച്ചത്.
വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിനിടെ കാണാതായവരെ കുറിച്ചുള്ള നിരവധി പരാതികളാണ് അനുദിനം പൊലീസിനു മുന്നിൽ എത്തുന്നത്. അതിനാൽ ഓവുചാലുകൾ അടക്കമുള്ള ഇടങ്ങളിൽ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഡിഎൻഎ പരിശോധനക്കായുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കലാപ മേഖലകളിലേക്ക് കൂടുതൽ ഭക്ഷണവും വെള്ളവും എത്തിക്കാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളും സജീവമാണ്. 10 ,12 ക്ലാസുകളിലെ പരീക്ഷ തുടരുന്നതിനാൽ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടായ മാനസികാഘാതം കുറക്കാന്‍ കൗൺസിലിങ് നല്‍കും. 300ല്‍ അധികം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കലാപക്കേസിൽ ആയിരത്തിനടുത്ത് ആളുകളെ അറസ്റ്റ് ചെയ്ത പൊലീസ് കിംവദന്തികൾ പരത്തുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്.