India National

ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞും തണുപ്പും

ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞും തണുപ്പും. ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞില്‍ അകപ്പെട്ട കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് 6 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുകയാണ്. ഇന്ന് കുറഞ്ഞ താപ നില 2.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി . മൂടല്‍മഞ്ഞ് കനത്തതോടെ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാഴ്ച പരിധി കുറഞ്ഞതിനാല്‍ 30 ട്രെയിനുകളാണ് വൈകി ഓടുന്നത്.

ഗ്രേറ്റര്‍ നോയിഡയില്‍ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. 11 പേര്‍ കാറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാങ്ക്വര്‍ ഏരിയയിലുള്ള ഖറേലി കനാലിലേക്കാണ് മാരുതി എര്‍ട്ടിഗ മറിഞ്ഞത്. പതിനൊന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറ് പേര്‍ മരിച്ചിരുന്നു. മഹേഷ്(35), കിഷന്‍ ലാല്‍(50), നീരേഷ്(17), റാം ഖിലാഡ്(75), മല്ലു(12), നേത്രപാല്‍(40) എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

എർട്ടിഗയ്‌ക്കൊപ്പം ഒരു കാർ കൂടി ഉണ്ടെന്നും അതിലെ യാത്രക്കാരെല്ലാം സാംബാൽ ജില്ലക്കാരാണെന്നും ഇവര്‍ ഡല്‍ഹിയിലേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂടൽമഞ്ഞ് കാരണം ഒന്നും കാണാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.

തുടർച്ചയായ 17 ദിവസമായി ഡൽഹിയിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ 4.2 ഡിഗ്രി സെൽഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. ചൊവ്വാഴ്ച മുതൽ ഡൽഹി ഉൾപ്പെടുന്ന മേഖലകളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ കൂടി എത്തിയാല്‍ തണുപ്പിന്റെ കാഠിന്യം ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.