India National

ഡല്‍ഹി തെരഞ്ഞെടുപ്പ്; പൗരത്വപ്രക്ഷോഭം നടന്ന ഇടങ്ങളിളെല്ലാം ആംആദ്മി പാര്‍ട്ടി തൂത്തുവാരി

ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. പൗരത്വപ്രക്ഷോഭത്തിന്റെ ചിഹ്നമായി രാജ്യാതിര്‍ത്തികള്‍ കടന്ന ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഓഖ്ലയില്‍ ആം ആദ്മിയുടെ അമാനത്തുള്ള ഖാന്‍ 91,000 ത്തിന് മുകളില്‍ വോട്ട് നേടിയാണ് മണ്ഡലത്തില്‍ നിന്നും ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞത്. ഡല്‍ഹിയിലെ ബല്ലിമാരന്‍ മണ്ഡലത്തില്‍ 71.6 ശതമാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മുസ്തഫാബാദ്, മാതിയ മഹല്‍, സീലാംപൂര്‍ എന്നിവിടങ്ങളില്‍ മുമ്പിലാത്തവിധം വലിയ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന പ്രധാന ഇടങ്ങളിലെ വോട്ടിംഗ് ശതമാനം ഇങ്ങനെ:

സീലാംപൂര്‍ – ആം ആദ്മി പാര്‍ട്ടിയുടെ അബ്ദുല്‍ റഹ്മാന്‍ 36,920 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ കൌശല്‍ കുമാര്‍ മിശ്രയെ പരാജയപ്പെടുത്തി. ഈ മണ്ഡലം മുമ്പ് ആം ആദ്മിയുടെ തന്നെ മുഹമ്മദ് ഇഷ്റാഖിന് കൈപിടിയിലായിരുന്നു. 2015ല്‍ 27,800 വോട്ടുകള്‍ക്കാണ് ഇഷ്റാഖ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

ഓഖ്ല– ആം ആദ്മിയുടെ അമാനത്തുള്ള ഖാന്‍ ഏറ്റവും ഉയര്‍ന്ന മാര്‍ജിനില്‍ ബി.ജെ.പിയെ തറപറ്റിച്ച മണ്ഡലം. 91,000 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ ബ്രഹം സിംഗിനെ അമാനത്തുള്ള പരാജയപ്പെടുത്തിയത്. ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ 2015ല്‍‌ അമാനത്തുള്ള ഖാന്റെ ഭൂരിപക്ഷം 65,500 വോട്ടുകള്‍ മാത്രമായിരുന്നു.

മുസ്തഫാ ബാദ് – ആം ആദ്മി പാര്‍ട്ടിയുടെ ഹാജി യുനുസ് ബി.ജെ.പിയുടെ നിലവിലെ എം.എല്‍.എ ജഗദീഷ് പ്രധാനെ നിലംപരിശാക്കി. 2015ല്‍ 6000 വോട്ടുകള്‍ക്ക് വിജയ കവാടം കടന്ന ജഗദീഷ് പ്രധാനെതിരെ ഇത്തവണ 20,074 വോട്ടുകള്‍ക്കാണ് ഹാജി യുനുസ് വിജയമുറപ്പിച്ചത്.

മാതിയ മഹല്‍ – ആംആദ്മിയുടെ ശുഅൈബ് ഇഖ്ബാല്‍ ബി.ജെ.പിയുടെ രവീന്ദ്രര്‍ ഗുപ്തക്കെതിരെ നിസാര വിജയം ഉറപ്പാക്കി. 50,000 വോട്ടുകള്‍ക്കാണ് ഈ മണ്ഡലത്തില്‍ ശുഅൈബ് ഇഖ്ബാല്‍ വിജയം സ്വന്തമാക്കിയത്. ഈ സീറ്റ് 2015ല്‍ ആം ആദ്മിയുടെ തന്നെ ആസിം മുഹമ്മദ് ഖാന്റെ കീഴിലായിരുന്നു.

ബല്ലിമാരന്‍ – ശക്തനായ നിലവിലെ ആപ്പിന്റെ എം.എല്‍.എ ഇമ്രാന്‍ ഹുസൈന്‍ ബി.ജെ.പിക്കെതിരെ 36,172 വോട്ടുകള്‍ക്ക് വിജയം പീഠത്തിലേറി. 2015-ല്‍ 33,877 വോട്ടുകള്‍ മാത്രമായിരുന്നു ഇമ്രാന്‍ ഹുസൈന്റെ ഭൂരിപക്ഷം.

തുഗ്ലക്കാബാദ് – ആം ആദ്മിയുടെ സാഹിറാം തുഗ്ലക്കാബാദ് എന്ന തന്റെ വിജയ സീറ്റ് 13,700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തിരിച്ചുപിടിച്ചു. ബി.ജെ.പിയുടെ ബിദുരി ആയിരുന്നു ഇവിടെ എതിരാളി.

അതെ സമയം ഡല്‍ഹി പൊലീസിന്റെ ശക്തമായ അതിക്രമത്തിനിരയായ ജാമിഅ, ശാഹീന്‍ബാഗ് എന്നിവിടങ്ങളില്‍ ഇന്നും പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധ സമരങ്ങള്‍ നടന്നു. ശാഹീൻ ബാഗിൽ ഇന്ന് നിശബ്ദ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. സമരത്തിന് രാഷ്ട്രീയമില്ലെന്ന് ശാഹീൻ ബാഗിലെ പ്രതിഷേധക്കാർ പ്രതികരിക്കുകയും ചെയ്തു.