രാജ്യതലസ്ഥാനത്ത് ഈ വർഷം ഇതുവരെ 7,128 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഡൽഹിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് ഡൽഹിയിൽ ഇതുവരെ ഒമ്പത് രോഗികളാണ് മരിച്ചത്.
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ചയിൽ മാത്രം 1,851 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം ബാധിച്ച് ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്.
2016-ൽ 4,431ഉം 2017-ൽ 4,726 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, 2018-ൽ 2,798 ആയി കുത്തനെ കുറഞ്ഞു, 2019-ൽ 2,036 കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് 2020-ൽ രോഗബാധ 50 ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ വർഷം ആകെ 1,072 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ വർഷം ആകെ 7,128 ഡെങ്കിപ്പനി കേസുകളിൽ, 50 ശതമാനത്തിലധികം(5,591 കേസുകൾ) നവംബറിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡെങ്കിപ്പനി വർധിക്കുന്നത് സർക്കാർ പരിശോധിച്ച് വരികയാണെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഈ മാസം ആദ്യം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉറപ്പ് നൽകിയിരുന്നു.