ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മലനീകരണ തോത് 400ന് അടുത്തെത്തി. മലിനീകരണ തോത് കുറക്കാനുള്ള കെജ്‍രിവാള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപ്പുറത്ത് നില്‍ക്കുന്ന ആളെ പോലും കാണാനാകാത്ത തരത്തിലുള്ള പുക മഞ്ഞ് ആവരണത്തോടെയായിരുന്നു നേരം പുലര്‍ന്നത്. വെയില്‍ ഉദിച്ചതോടെ നിലമെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണതോത് കുറവാണ്.
പടക്ക ഉപോഗത്തിലടക്കം കെജ്‍രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്. മലിനീകരണം കുറക്കാന്‍ വെള്ളം സ്പ്രേ ചെയ്യലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുന്നുണ്ട്. മൊറാദാബാദ്, നോയിഡ അടക്കമുള്ള ഉത്തര്‍പ്രദേശിന്‍റെ അതിര്‍ത്തിമേഖലകളിലും ദ്വാരക അടക്കമുള്ള ഹരിയാനയുടെ അതിര്‍ത്തിമേഖലകളിലും അന്തരീക്ഷം അതീവ ഗുരുതരാവസ്ഥയിലാണ്. ഹരിയാനയില്‍ വിളവെടുപ്പ് കഴിഞ്ഞ വയലുകള്‍ കത്തിക്കാന്‍ ആരംഭിച്ചതും മലിനീകരണ തോത് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.