India

ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്; ആറ് ഭീകരർ പിടിയിൽ

ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി പൊലീസ്. ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

അതേസമയം, കണ്ണൂരിൽ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസൻസ് നേടിയ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ കശ്മീർ സിംഗ്, കല്യാൺ സിംഗ്, പ്രദീപ് സിംഗ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ് പ്രതികൾ. പ്രതികൾ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈസൻസുള്ള തോക്കാണിതെന്ന് വ്യക്തമായി. തുടരന്വേഷണത്തിലാണ് വ്യാജരേഖ ചമച്ചാണ് തോക്ക് ലൈസൻസ് നേടിയതെന്ന് തെളിഞ്ഞത്.

വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. നിറമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസാണ് അറസ്റ് ചെയ്‌തത്‌. എടിഎമ്മിൽ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവർ. മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ ആറുമാസം മുമ്പ് കേരളത്തിൽ എത്തിയതെന്ന് പൊലിസ് പറഞ്ഞു. ഇവരിൽ നിന്ന് ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. എയർപോർട്ട്, വിഎസ്എസ്‍സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിൽ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പോലീസ് പറഞ്ഞു. മിലിട്ടറി ഇൻ്റലിജൻസും പൊലീസിൽ നിന്ന് വിവരം ശേഖരിച്ചു.

കളമശ്ശേരിയിൽ തോക്കുകൾ പിടികൂടിയ കേസിൽ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്ന് കഴിഞ്ഞദിവസം പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിന് സുരക്ഷ നൽകുന്ന മുംബൈയിലെ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരിൽനിന്നാണ് തോക്ക് പിടികൂടിയത്. തോക്കുകൾക്ക് ലൈസൻസ് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു.