ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ നിർണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി. വ്യാവസായിക ആവശ്യത്തിനായി ഓക്സിജൻ ഉപയോഗിക്കുന്നത് വെട്ടിക്കുറച്ച് പകരം ഡൽഹിയിലെ ആശുപത്രികൾക്ക് കൈമാറാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഓക്സിജന്റെ ആവശ്യം ഇപ്പോഴാണെന്നും, കാലതാമസമുണ്ടാകുന്നത് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓക്സിജൻ പാഴാകാത്ത വിധത്തിൽ ഉപയോഗിക്കണമെന്ന് ഡൽഹി സർക്കാരിനും നിർദേശം നൽകി. ഡൽഹിയിൽ ഓക്സിജൻ ക്ഷാമം ആണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്സിജൻ കുറവാണ്. ഓക്സിജൻ ക്ഷാമം തീർക്കാൻ തീവ്രശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. ഓക്സിജൻ്റെ ആവശ്യം ഏറുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഒരു ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ ഉടൻ ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്.
1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയർന്നു.