എയിംസിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഡൽഹി ഹൈക്കോടതി തടഞ്ഞു. എയിംസ് അധികൃതർ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. നഴ്സസ് യൂണിയന്‍റെ പരാതികളിൽ നടപടിയെടുക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നത് അടക്കം 23 ആവശ്യങ്ങളാണ് നഴ്സസ് യൂണിയൻ ഉന്നയിച്ചിരുന്നത്.
നഴ്സുമാരുടെ സമരം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എയിംസ് അധികൃത൪ നൽകിയ പരാതിയിലാണ് കോടതി നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സമരം ചെയ്യരുതെന്ന് എയിംസിലെ നഴ്സുമാരോട് ഡൽഹി ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടു. നിലപാട് ആരാഞ്ഞ് യൂണിയന് ജസ്റ്റിസ് നവീൻ ചൗലയുടെ ബഞ്ച് നോട്ടീസുമയച്ചു. അധികൃത൪ നഴ്സസ് യൂണിയന്റെ ആവശ്യങ്ങൾ അനുഭാവപൂ൪വം പരിഹരിച്ച് വരികയാണെന്നും കോടതി വ്യക്തമാക്കി. ജനുവരി എട്ടിന് ഹരജി വീണ്ടും പരിഗണിക്കും.
ഇന്നലെയാണ് സമരം ആരംഭിച്ചത്. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് നഴ്സുമാ൪ ഉന്നയിക്കുന്നത്. ആകെ 23 ആവശ്യങ്ങളാണ് എയിംസിലെ നഴ്സുമാർ മുന്നോട്ട് വക്കുന്നത്. സമരം തുടരുന്ന നഴ്സുമാരെ പൊലീസ് മർദിച്ചതായും പരാതി ഉയ൪ന്നിരുന്നു. ബാരിക്കേഡ് മറിഞ്ഞു വീണ് മലയാളി നഴ്സ് വിനീത മോൾക്കാണ് പരിക്കേറ്റത്. കോവിഡ് സാഹചര്യത്തിൽ നഴ്സുമാർ അനിശ്ചിതകാല സമരം തുടരരുതെന്നും ആവശ്യങ്ങൾ സർക്കാർ പരിഗണിച്ച് വരികയാണെന്നുമാണ് എയിംസ് അധികൃതരുടെ വാദം.