ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചുകയറുമെന്ന സര്‍വെ ഫലവുമായി ടൈംസ് നൗ. രാജ്യ തലസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകള്‍ സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. വര്‍ഷങ്ങളോളമായി ബി.ജെ.പിയെ അകറ്റിനിര്‍ത്തിയിട്ടുള്ള ഡല്‍ഹി ഇത്തവണയും ഇതേ തീരുമാനം തന്നെയായിരിക്കും കൈക്കൊള്ളുകയെന്ന് സര്‍വെ പറയുന്നു.
ഇതിന് മുമ്പ് പത്തു വര്‍ഷം കോണ്‍ഗ്രസിനും കഴിഞ്ഞ അഞ്ച് വര്‍ഷം എ.എ.പിക്കും അവസരം കൊടുത്ത ഡല്‍ഹി ജനത ഇത്തവണ തങ്ങളെ സ്വീകരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങളുടെ മുനയൊടിച്ച് ആയിരിക്കും തെരഞ്ഞെടുപ്പ് വിധിയെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. 70 അംഗ നിയമസഭയില്‍ 54 നും 60 നും ഇടയിൽ സീറ്റുകൾ നേടി ഡല്‍ഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്നാണ് ടൈംസ് നൗ പുറത്തുവിട്ട സര്‍വെ ഫലം പറയുന്നത്. ഇതേസമയം, ബി.ജെ.പിക്ക് 10 മുതൽ 14 വരെ സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍വെ ഫലം പറയുന്നു.
ഇതേ സര്‍വെ ഫലത്തില്‍, ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, കഴിഞ്ഞ വർഷത്തേതുപോലെ തലസ്ഥാനത്തെ ഏഴ് സീറ്റുകളും ബി.ജെ.പി നേടുമെന്ന് പ്രവചിക്കുന്നു. Ipsos നടത്തിയ സര്‍വെയില്‍ ബി.ജെ.പി 34 ശതമാനം വോട്ട് വിഹിതം നേടുമ്പോള്‍ എ.എ.പിക്ക് 52 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നാണ് പറയുന്നത്. വെറും നാല് ശതമാനം മാത്രമായിരിക്കും കോണ്‍ഗ്രസ് നേടുന്ന വോട്ട് വിഹിതം.
പൗരത്വ ഭേദഗതി നിയമ(സി.എ.എ) വിഷയത്തില്‍ 71 ശതമാനം പേരും സര്‍ക്കാര്‍ നടപടി ശരി ആണെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഇത് ബി.ജെ.പിക്ക് വോട്ടാകില്ല. സി.എ.എ ദേശീയ പ്രശ്നമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുന്നതല്ലെന്നുമാണ് അഭിപ്രായ സര്‍വെ പറയുന്നത്. ഇതേ സര്‍വെയില്‍ 52 ശതമാനം പേര്‍ ശഹീന്‍ ബാഗ് പ്രതിഷേധത്തെ എതിര്‍ത്തപ്പോള്‍ 25 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. 24 ശതമാനം പേര്‍ വിഷയത്തില്‍ അഭിപ്രായം പറയാതെ വിട്ടുനിന്നു.
2015 ല്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചായിരുന്നു എ.എ.പി ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുത്തത്. 70 ല്‍ 67 സീറ്റും നേടിയായിരുന്നു എ.എ.പിയുടെ വന്‍ജയം. അന്ന് മൂന്നു സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇതേസമയം, കോണ്‍ഗ്രസിന് അക്കൌണ്ട് തുറക്കാന്‍ പോലുമായില്ല.