India

ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ആശങ്കയുയരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ഡെങ്കുവിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഏതെല്ലാം രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രത്തിന് കഴിയുമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി രൂക്ഷമായത്. ഒക്ടോബര്‍ 18ന് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു. ഡെങ്കിപ്പനി പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങളെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. നിയമപ്രകാരം ഈ രോഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആശുപത്രികള്‍ സര്‍ക്കാരിന് കൈമാറണം. ഡല്‍ഹിയിലും യുപിയിലും ഉള്‍പ്പെടെ ഇത്തരം രോഗങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.