India National

ഉന്നാവോ ബലാത്സംഗക്കേസ് ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും

ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ ബി.ജെ.പി എം.എല്‍.എയും കൂട്ടാളിയും തിഹാര്‍ ജയിലിലാണുള്ളത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം കേസ് ഡല്‍ഹി തീസ് ഹസാരി കോടതി പരിഗണിച്ചിരുന്നുവെങ്കിലും വാദം ആരംഭിച്ചിരുന്നില്ല. കേസ് ഡല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികളായ ബി.ജെ.പി എം. എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ , കൂട്ടാളി ശശി സിങ് എന്നിവരെ തീഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണെന്നാണ് എയിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തുന്നതെന്നും അധികൃതര്‍ പുറത്ത് വിട്ടിരുന്ന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ അഭിഭാഷകനെയും ഉത്തര്‍പ്രദേശില്‍ നിന്ന് എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. ഉന്നാവ് പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടും വൈകാതെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.