India

ഡൽഹി വിഗ്യാൻ ഭവനിലേക്ക് കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ചു; ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്ന് കേന്ദ്രം

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകരുമായി ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്ന് കേന്ദ്രം. ഡൽഹി വിഗ്യാൻ ഭവനിലേക്ക് കർഷകരെ സർക്കാർ ചർച്ചക്ക് വിളിച്ചു. അതേസമയം സമരരംഗത്തുള്ള മുഴുവൻ സംഘടനകളെയും ചർച്ചക്ക് വിളിക്കാത്തതിൽ കർഷകർക്ക് അമർഷമുണ്ട്. 500 സംഘടനകളിൽ 30 സംഘടനകളെ മാത്രമാണ് ചർച്ചക്ക് വിളിച്ചത്.

സർക്കാരിന്‍റെ ക്ഷണം സ്വീകരിക്കണമോയെന്ന കാര്യം ചർച്ച ചെയ്യാൻ കർഷകർ യോഗം ചേരുകയാണ്. അതിനിടെ ഹരിയാന മന്ത്രി അനിൽ വിജിനെ അംബാലയിൽ കർഷകർ കരിങ്കൊടി കാണിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കൂടിയാലോചന നടത്തി ചർച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും കർഷക സംഘടന നേതാക്കൾ ഇത് വരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ചർച്ചക്ക് വിളിക്കുന്നതിനിടയിലും പ്രധാനമന്ത്രി തന്നെ നിയമം പിൻവലിക്കില്ലെന്ന് ഉറച്ചു നിൽക്കുന്നതിൽ കർഷക സംഘടനകൾക്ക് അതൃപ്തിയുണ്ട്.

സമരം വേഗം തീർപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ റോഡുകൾ ഉപരോധിക്കുമെന്നാണ് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി. രണ്ട് ദിവസത്തിനകം സർക്കാർ ഒത്തു തീർപ്പിന് തയ്യാറായില്ലെങ്കിൽ ഡൽഹിയിലേക്ക് ചരക്ക് വാഹനങ്ങൾ,ടാക്സികൾ ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല. കർഷക സമരം തുടരുന്നത് ഡൽഹിയിലേക്കുള്ള ചരക്ക് നീക്കം പൂർണമായും തടസപ്പെടുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്.