India

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ഒരു മണി വരെ 24 ശതമാനം ആളുകൾ വോട്ട് ചെയ്തു. വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളിള്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാംവോട്ട് രേഖപ്പെടുത്തി.

ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഭരണകക്ഷിയായ എ.എ.പി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും. ബി.ജെ.പിയുടെ സഖ്യകക്ഷിയായി ജെ.ഡി.യു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബി.എസ്.പി 42 സീറ്റുകളിലും. വിവിധ സര്‍വേ ഫലങ്ങള്‍ എ.എ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.